എന്താണ് ത്രീ ഫേസ് കണക്ഷനും സിംഗിൾ ഫേസ് കണക്ഷനും?
ഒരു കണക്ഷൻ എടുക്കുമ്പോൾ നമുക്ക് ഏതു വേണമെന്ന് എങ്ങനെ മനസിലാക്കാം?
ഇന്ത്യയിൽ ഒരു സിംഗിൾ ഫേസ് കണക്ഷൻ എന്നാൽ ഒരു ഫേസും ഒരു ന്യൂട്രലും അടങ്ങുന്ന രണ്ടു വയർ കണക്ഷൻ ആണ്. ഈ കണക്ഷനിൽ നമ്മുക്ക് 230V സപ്ലൈ ആണ് ലഭിക്കുന്നത്. എന്നാൽ ത്രീ ഫേസ് സപ്ലൈയിൽ ഒരു ന്യൂട്രലും മൂന്ന് ഫേസും അടങ്ങുന്ന നാലു വയറുകൾ ഉണ്ടായിരിക്കും. ഒരു ത്രീ ഫേസിന്റെ വോൾട്ടേജ് 415V ആണ്.
ഞാൻ ഇവിടെ സിംഗിൾ ഫേസിന്റെയും ത്രീ ഫേസിന്റെയും സാങ്കേതിക കാര്യങ്ങളെകുറിച്ച് കൂടുതൽ പറയുന്നില്ല. ഏതൊരാൾക്കും ഇതെന്താണ് എന്ന് അറിഞ്ഞിരിക്കാനും മനസിലാക്കാനും വളരെ ലളിതമായി പറയാനാണ് ശ്രമിക്കുന്നത് ..
എന്തിനാണ് ഇങ്ങനെ രണ്ടു തരം കണക്ഷൻ?
എന്തിനാണ് ഇങ്ങനെ രണ്ടു കണക്ഷൻ എന്നത് നമ്മുക്ക് മനസ്സിലാക്കുന്നതിനു ഒരു റോഡുമായി സാമ്യപ്പെടുത്തി പറയാം...
ഒരു ഒറ്റവരി പാതയും ഒരു മൂന്ന് വരി പാതയും ഉണ്ടെന്നു സങ്കല്പിക്കുക. ഇതിൽ ഒറ്റവരി പാതയിൽ ഒരുമിച്ച് സമാന്തരമായി 5 ബൈക്കുകൾക്ക് പോകാം അല്ലെങ്കിൽ 3 ബൈക്കിനും ഒരു കാറിനും ഒരുമിച്ചു പോകാം അതുമല്ലെങ്കിൽ ഒരു കാറിനും ഒരു ബസ്സിനും ഒരുമിച്ചു പോകാം.
പക്ഷെ രണ്ടു ബസ്സുകൾക്ക് ഒരുമിച്ച് പോകാൻ കഴിയില്ല, മൂന്ന് കാറുകൾക്ക് ഒരുമിച്ചു പോകാൻ കഴിയില്ല. അപ്പോൾ രണ്ടു ബസ്സുകൾക്ക് ഒരുമിച്ചു പോകണമെങ്കിൽ എന്ത് വേണം പാതയുടെ വീതി കൂട്ടണം. അതായത് അതൊരു മൂന്ന് വരി പാതയാണെങ്കിൽ മൂന്ന് ബസ്സുകൾക്ക് അല്ലെങ്കിൽ നിരവധി വാഹനങ്ങൾക്ക് ഒരുമിച്ചു പോകാൻ കഴിയും.
ഈ റോഡും വാഹനങ്ങളും ഇനി ഇലക്ട്രിസിറ്റിയും ഉപകരണങ്ങളുമായി സമയപെടുത്തി നോക്കാം...
ഒറ്റവരി പാത = സിംഗിൾ ഫേസ്
മൂന്ന് വരി പാത = ത്രീ ഫേസ്
ബൈക്ക് = ബൾബ്
കാർ = റെഫ്രിജറേറ്റർ
ബസ്സ് = എയർകണ്ടീഷണർ
ഇവിടെ ഒരു സിംഗിൾ ഫേസ് കണക്ഷൻ ആണെങ്കിൽ നമ്മുക്ക് ഒരുമിച്ച് 5 ബൾബുകൾ തെളിയിക്കാം അല്ലെങ്കിൽ 3 ബൾബുകളും ഒരു റെഫ്രിജറേറ്ററും പ്രവർത്തിപ്പിക്കാം അതുമല്ലെങ്കിൽ ഒരു റെഫ്രിജറേറ്ററും AC യും പ്രവർത്തിപ്പിക്കാം.
എന്നാൽ രണ്ടു AC ഒരുമിച്ചോ അല്ലെങ്കിൽ മുകളിൽ പറഞ്ഞ ഉപകരണങ്ങൾ എല്ലാം ഒരുമിച്ചോ പ്രവർത്തിക്കാൻ കഴിയില്ല. അങ്ങനെ പ്രവർത്തിപ്പിച്ചാൽ സിംഗിൾ ഫേസിനു ഓവർ ലോഡാകുകയും സപ്ലൈ വയറുകൾ ചൂടായി കത്തിപോകുകയും ചെയ്യാം. അതുകൊണ്ടു ഒന്നിൽ കൂടുതൽ AC കളോ മുകളിൽ പറഞ്ഞ എല്ലാ ഉപകരണങ്ങളും ഒരുമിച്ചു പ്രവർത്തിപ്പിക്കുന്നതിനോ ത്രീ ഫേസ് ആവശ്യമാണ്.
മുകളിൽ പറഞ്ഞ ഉദാഹരണം മനസിലാക്കുന്നതിന് വേണ്ടി മാത്രം പറഞ്ഞതാണ് ഒരു സിംഗിൾ ഫേസിൽ കണക്ട് ചെയ്യാവുന്ന ശരിയായ ഉപകരണങ്ങളുടെ എണ്ണമല്ല.
കെ. എസ്. ഇ. ബി സാധാരണ 5000W കുറവിൽ ഉപയോഗിക്കുന്ന ഉപഭോക്താവിന് സിംഗിൾ ഫേസും 5000W കൂടുതൽ ലോഡ് കണക്ട് ചെയ്യുന്ന ഉപഭോക്താവിന് ത്രീ ഫേസ് കണക്ഷനും ആണ് നൽകുന്നത് ചിലയിടങ്ങളിൽ ഇത് 7000W ആണ്.
നിങ്ങളുടെ വീട്ടിലെ ഉപയോഗിക്കുന്ന എല്ലാ ഉപകരണങ്ങളുടെയും ആകെ വാട്ടേജ് കൂട്ടുക എന്നിട്ട് 5000W ൽ കൂടുതൽ ഉണ്ടെങ്കിൽ ത്രീ ഫേസ് ആവശ്യമായി വരും അല്ലെങ്കിൽ സിംഗിൾ ഫേസ് മതിയാകും.
ഉദാഹരണം:
വീട്ടിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ
10W LED 10 എണ്ണം ( 10x10 ) = 100W
70W ഫാൻ 4 എണ്ണം (70x4 ) = 280W
80W TV 1 എണ്ണം (80x1 ) = 80W
200W റെഫ്രിജറേറ്റർ 1 എണ്ണം (200x1) = 200W
750W ഇസ്തിരിപ്പെട്ടി 1 എണ്ണം (750x1) = 750W
ആകെ 100 +280 +80 +200 +750 = 1410W
ഇവിടെ എല്ലാ ഉപകരണങ്ങളും ഒരുമിച്ച് പ്രവർത്തിപ്പിച്ചാൽ പരമാവധി ഉപയോഗം 1410W ആണ് അതായത് 5000W നു താഴെ ആയതുകൊണ്ട് സിംഗിൾ ഫേസ് മതിയാകും.
മുകളിൽ പറഞ്ഞതിന്റെ കൂടെ മൂന്ന് AC കൂടിയുണ്ടെങ്കിൽ
1ton (~1500W ) AC 3 എണ്ണം (1500x3 ) = 4500W
ആകെ 1410 +4500 = 5910W
ഇവിടെ എല്ലാം ഒരുമിച്ചു പ്രവർത്തിപ്പിച്ചാൽ പരമാവധി ഉപയോഗം 5910W വരെയാണ് അതുകൊണ്ട് ത്രീ ഫേസ് സപ്ലൈ ആവശ്യമാണ്.
കടപ്പാട് | fb.com/electrixin
0 Comments