ത്രീ പിൻ പ്ലഗ്ഗിലെ എർത്ത് പിന്നിന് മറ്റു രണ്ടു പിന്നുകൾ അതായത് ഫേസ് ന്യൂട്രലിനെ അപേക്ഷിച്ചു നീളക്കൂടുതലും വണ്ണക്കൂടുതലും ഉണ്ട്.
എർത്ത് പിന്നുള്ള ത്രീ പിൻ പ്ലഗ്ഗുകൾ സാധാരണ നൽകാറുള്ളത് ഇസ്തിരിപ്പെട്ടി, മോട്ടോർ, ഇലക്ട്രിക്ക് കെറ്റിൽ, ഗ്രൈൻഡർ, റെഫ്രിജറേറ്റർ തുടങ്ങിയ മെറ്റൽ ബോഡിയുള്ള ഉപകരണങ്ങൾക്കാണ്.
മെറ്റൽ ബോഡിയുള്ള ഉപകരണത്തിൽ ഇത്തരത്തിൽ എർത്ത് നല്കാൻ കാരണം മെറ്റൽ ബോഡിയുള്ള ഇലക്ട്രിക്ക് ഉപകരണങ്ങൾ ഉപയോഗിക്കുന്നത് അപകട സാധ്യത കൂടുതലാണ്.
ഇത്തരം ഉപകരണങ്ങളിൽ കാലപ്പഴക്കം, ഓവർ ഹീറ്റ്, ലൂസ് കണക്ഷൻ പോലുള്ള ഏതെങ്കിലും കാരണവശാൽ പവർ സപ്ലൈ വയറുകൾക്ക് മെറ്റൽ ബോഡിയുമായി സമ്പർക്കം വന്നാൽ മെറ്റൽ ബോഡിയിൽ പവർ വരികയും ഉപകരണം ഉപയോഗിക്കുന്നയാൾക്ക് ശക്തമായ ഇലക്ട്രിക്ക് ഷോക്കേൽക്കുകയും ചെയ്യും.
ഇത്തരത്തിലുള്ള അപകടങ്ങൾ ഒഴിവാക്കാനായി എല്ലാ മെറ്റൽ ബോഡി ഉപകരണങ്ങളിലും മെറ്റൽ ബോഡിയിൽ എർത്ത് വയറാണെന്നു തിരിച്ചറിയുന്നതിനു ഒരു പച്ച വയർ കണക്ട് ചെയ്ത് എർത്ത് കണക്ഷനിലോട്ട് നൽകുന്നു.
എർത്ത് കണക്ഷൻ ഭൂമിയുമായാണ് കണക്ട് ചെയ്തിട്ടുള്ളത്.
ഇത്തരത്തിൽ കണക്ട് ചെയ്യുമ്പോൾ നേരത്തെ പറഞ്ഞ പോലെ എന്തെങ്കിലും കാരണവശാൽ മെറ്റൽ ബോഡിയിൽ പവർ ലൈൻ സമ്പർക്കം വന്നാൽ ബോഡിയിലെ കറന്റ് പച്ച വയർ വഴി എർത്ത് പിന്നിലൂടെ ഭൂമിയിലേക്കൊഴുകുന്നു.
ഈ എർത്ത് ലീക്കേജ് പെട്ടന്ന് തന്നെ RCCB ട്രിപ്പ് ആകുന്നതിനു കാരണമാകുന്നു. ഇത് വഴി ആ ഉപകരണം ഉപയോഗിക്കുന്നയാൾക്ക് ഷോക്കേൽക്കാതിരിക്കുകയും വലിയ അപകടം ഒഴിവാകുകയും ചെയ്യുന്നു.
ഇനി എന്തിനാണ് എർത്ത് പിന്നിന് നീളം കൂടുതൽ എന്ന് നോക്കാം...
ബോഡിയിൽ പവർ ലൈൻ ബന്ധമുള്ള ഒരു ഉപകരണത്തിന്റെ ത്രീ പിൻ പ്ലഗ്ഗിലെ മൂന്ന് പിന്നുകളും ഒരേ നീളത്തിലാണെന്നു കരുതുക..
ഇത്തരത്തിലുള്ള ഒരു ഉപകരണം ഒരാൾ ഉപകരണത്തിൽ സ്പർശിച്ച് ത്രീ പിൻ പ്ലഗ്ഗ് സോക്കേറ്റിൽ അമർത്തി കയറ്റുമ്പോൾ പ്ലഗ്ഗ് ചരിഞ്ഞു കയറിയിട്ടുണ്ടെങ്കിൽ അല്ലെങ്കിൽ ഏതെങ്കിലും കാരണവശാൽ എർത്ത് കണക്ഷൻ ലഭിക്കുന്നതിന് മുന്നേ ഫേസും ന്യൂട്രലും കണക്ഷൻ ലഭിച്ചാൽ ഉടനെത്തന്നെ ഉപയോഗിക്കുന്നയാൾക്ക് ഷോക്ക് ഏൽക്കുന്നു. കാരണം എർത്ത് കണക്ഷൻ കിട്ടിയിട്ടില്ല. അതുപോലെ പ്ലഗ് വലിച്ച് ഊരുമ്പോൾ എർത്ത് പിൻ വേണം അവസാനം വിചേദിക്കാൻ.
അതുകൊണ്ടാണ് എർത്ത് പിന്നിന് നീളം കൂടുതൽ കൊടുത്തിരിക്കുന്നത്. അതായത് ഫേസും ന്യൂട്രലും കണക്ഷൻ ലഭിക്കുന്നതിന് മുന്നേ എർത്ത് കണക്ഷൻ ലഭിക്കണം.
എർത്ത് പിന്നിന് വണ്ണം കൂടുതൽ നല്കാൻ പ്രധാനമായും രണ്ടു കാരണങ്ങളാണ്.
ഒരു കാരണം എർത്ത് പിൻ വണ്ണം കൂടുതലായതുകൊണ്ട് ഒരുകാരണവശാലും എർത്ത് പിൻ കണക്ഷൻ തെറ്റിപ്പോയി ഫേസ് ഹോളിലോ ന്യൂട്രൽ ഹോളിലോ കയറില്ല.
രണ്ടാമത്തെ കാരണം വണ്ണം കൂടുതൽ നൽകുന്നത് വഴി റെസിസ്റ്റൻസ് കുറയുന്നു അതായത് കറന്റിന് മനുഷ്യ ശരീരത്തിലൂടെ ഒഴുകുന്നതിനേക്കാളും എളുപ്പത്തിൽ എർത്ത് വയറിലൂടെ ഒഴുകാൻ കഴിയുന്നു. അതുകൊണ്ടു കൂടുതൽ കറന്റ് ഒഴുകുന്നത് എയർത്തിലൂടെ മാത്രമാകുന്നു.
0 Comments