KSEBയും മീറ്റർ റീഡിങ്ങും..

electrix-electrical-plumbing-contractor-kerala

KSEBയുടെ മീറ്റർ റീഡിങ്ങിനെപ്പറ്റി പലർക്കുമുള്ള ചില തെറ്റായ ധാരണകളെക്കുറിച്ചാണ് ഇന്ന്.. 


കഴിഞ്ഞ കുറച്ചുദിവസങ്ങളിളായി ചില പോസ്റ്റുകൾ ശ്രദ്ധയിൽപ്പെട്ടിരുന്നു, അതിൽ പ്രധാനമായും പറയുന്നത്, രണ്ട് മാസം കൂടുമ്പോൾ റീഡിങ് എടുക്കുന്നതിന് പകരം ഓരോ മാസവും റീഡിങ് എടുത്താൽ കറണ്ട്ബില്ല് കുറയുമെന്നാണ്. ഇതൊരു അബദ്ധ ധാരണയാണ്. Kseb യുടെ മീറ്റർ റീഡിങ് എങ്ങനെയാണെന്ന് നമുക്ക് നോക്കാം.


Kseb യുടെ മീറ്റർ റീഡിങ് രണ്ട് മാസം കൂടുമ്പോൾ ആണ് നടക്കുന്നത്. ഇത് ഇങ്ങനെ ആക്കുവാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് റീഡിങ് ജീവനക്കാരുടെ കുറവാണ്. രണ്ടാമത്തേത് ഓരോ മാസവും ക്യൂ നിന്ന് ബില്ല് അടയ്‌ക്കേണ്ട ബുദ്ധിമുട്ട് ജനങ്ങൾക്ക് ഉണ്ടാകാതിരിക്കാനാണ്. ഇനി, Kseb യുടെ മീറ്റർ റീഡിങ് എങ്ങനെയാണെന്ന് നോക്കാം. 


ഒരു ഉപഭോക്താവിന്റെ രണ്ട് മാസത്തെ മൊത്തം ഉപയോഗത്തെ പ്രതിമാസ ഉപയോഗമായി ഭാഗിച്ച് കണക്കാക്കിയാണ് ബില്ലിൽ രേഖപ്പെടുത്തുന്നത്. രണ്ട് മാസം കൂടുമ്പോൾ മീറ്ററിൽ നിന്ന് കിട്ടുന്ന ആകെ യൂണിറ്റ് ഉപയോഗത്തെ രണ്ട് കൊണ്ട് ഹരിച്ചാണ് ഒരു മാസത്തെ ഉപയോഗം കണക്കാക്കുന്നത്. പോസ്റ്റിൽ പറഞ്ഞത് 200 യൂണിറ്റ് ഉപയോഗിച്ചാൽ 6.10 രൂപ എന്നാണ്. എന്നാൽ 200 യൂണിറ്റ് ഉപയോഗിച്ച ഒരാളുടെ ഉപയോഗത്തെ 200÷2=100 എന്ന് കണക്കാക്കും. ഇതിൽ 0-50 യൂണിറ്റ് ഉപയോഗിച്ചാൽ വരുന്ന ചാർജ് ആയ 3.15 രൂപ ആദ്യത്തെ 50 യൂണിറ്റിനും, 51-100 യൂണിറ്റ് ഉപയോഗിച്ചാൽ വരുന്ന ചാർജ് ആയ 3.70 രൂപ അടുത്ത 50 യൂണിറ്റിനും ചാർജ് ചെയ്യും. അതായത് 50×3.15 & 50×3.70 എന്നാണ് kseb കണക്കാക്കുന്നത്. ഇങ്ങനെ വരുമ്പോൾ 200 യൂണിറ്റ് ദ്വൈമാസ ഉപയോഗം ഉള്ള ഒരാൾക്ക് 685 രൂപയാണ് എനർജി ചാർജ് വരുന്നത്. ഇതിനൊപ്പം Gst, Meter rent, Fixed charge, subsidy എന്നിവയും ഉൾപ്പെടും. പ്രതിമാസ ഉപയോഗം 250 യൂണിറ്റ് വരെ ഉള്ളവർക്ക് ടെലിസ്കോപിക് നിരക്കാണ് ബാധകം. അത് ഓരോ 50 യൂണിറ്റ് വീതം കണക്കാക്കും. 251 യൂണിറ്റ് മുതൽ 300 വരെ എല്ലാ യൂണിറ്റിനും 5.80 രൂപയും 350 വരെ എല്ലാ യൂണിറ്റിനും 6.60 രൂപയും 400 വരെ 6.90 രൂപയും 500 വരെ 7.10 രൂപയും 500 ന് മുകളിൽ 7.90 രൂപയുമാണ് മുഴുവൻ യൂണിറ്റിനും ചാർജ് ചെയ്യുന്നത്. ഇനി ഇതിൽ ഉപഭോക്താവിനുള്ള ഒരു ലാഭം കൂടി പറയാം. Kseb പ്രതിമാസ ഉപയോഗമാണ് നോക്കുന്നത് എന്ന് പറഞ്ഞല്ലോ. രണ്ട് മാസത്തിൽ ഒരു മാസം ഒന്നും ഉപയോഗിച്ചിട്ടില്ല, പക്ഷേ അടുത്ത മാസം 400 യൂണിറ്റ് ഉപയോഗിച്ച ഒരാളുടെ ബില്ല് എങ്ങനെയായിരിക്കും? അവിടെയാണ് നമുക്ക് ലാഭം... ഓരോ മാസവും റീഡിങ് എടുത്താൽ പ്രതിമാസം 400 യൂണിറ്റ് ഉപയോഗിച്ച ഒരാൾക്ക് kseb ചാർജ് ചെയ്യുന്നത് 400×6.90=2760 രൂപ എന്നായിരിക്കും. എന്നാൽ ഇവിടെ രണ്ട് മാസം കൂടുമ്പോൾ റീഡിങ് എടുക്കുന്നതിനാൽ 400÷2=200 യൂണിറ്റ് എന്നാണ് കണക്കാക്കുന്നത്. ഇവിടെയാണ് നമുക്ക് ലാഭകരമാകുന്നത്. മാസം 200 യൂണിറ്റ് ആയി കണക്കാക്കുമ്പോൾ ദ്വൈമാസ ബില്ലിലെ തുക എന്നത് 1805 രൂപയാണ്. അതായത് 2760-1805=955 രൂപ ലാഭം. ഇത് ഒരു മാസം റീഡിങ് ആയിരുന്നു എങ്കിൽ 2760 രൂപ അടയ്‌ക്കേണ്ടി വന്നേനെ.


ഇതിൽ എന്തെങ്കിലും തെറ്റ്/സംശയം ഉണ്ടെങ്കിൽ കമന്റായി രേഖപ്പെടുത്തുക.


NB: ഞാൻ KSEB യിലെ ജീവനക്കാരനോ സർക്കാർ ഉദ്യോഗസ്ഥനോ അല്ല. ആരുടെയും വക്കാലത്തും ഏറ്റെടുത്തിട്ടില്ല. ആരുടെയും കയ്യിൽ നിന്ന് കിമ്പളവും വാങ്ങുന്നില്ല. ഇതുമായി ബന്ധപ്പെട്ട വ്യാജ വാർത്തകൾ പലതും കണ്ടതുകൊണ്ട് മാത്രം ഇടുന്ന പോസ്റ്റ്‌ ആണ് ഇത്.


Credits: Ongrid Solar Installation | KSEBL  | FB Page | Home

0 Comments